പയ്യന്നൂര്‍: വിവിധ കേസുകളില്‍പെട്ട വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന കോറോം ഡമ്പിംഗ് യാര്‍ഡില്‍ വന്‍ തീപിടിത്തം. കൂട്ടിയിട്ടിരുന്ന നാനൂറോളം വാഹനങ്ങള്‍ പൂര്‍ണമായും ഭാഗികമായും കത്തിനശിച്ചു. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്നിന്നെത്തിച്ച ഫയര്‍ യൂണിറ്റുകളാണ് തീയണച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് കോറോം നെല്യാട്ടെ ഡമ്പിംഗ് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ അഗ്നിരക്ഷാ സേന ഓഫീസര്‍ സി.പി. രാജേഷ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം നല്കി ഫയര്‍ യൂണിറ്റുകള്‍ വിളിച്ചുവരുത്തുകയായിരുന്നു.
ഇതേതുടര്‍ന്ന് കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ പത്ത് അഗ്നിരക്ഷാസേന യൂണിറ്റുകൾ മൂന്നര മണിക്കൂറോളം കഠിനാധ്വാനം ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ടര ലക്ഷം ലിറ്റര്‍ വെള്ളം തീയണയ്ക്കാനായി ഉപയോഗിച്ചു. വൈകുന്നേരം ആറേമുക്കാലോടെയാണ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്. പോലീസും നാട്ടുകാരും തീയണയ്ക്കാന്‍ സഹായിച്ചു. സ്ഥാനാര്‍ഥികളായ ടി.ഐ. മധുസൂദനനും വി. കുഞ്ഞികൃഷ്ണനും സംഭവസ്ഥലത്തെത്തി.
ഇന്ധന ടാങ്കുകളില്‍ തീപിടിച്ചതോടെയുള്ള പൊട്ടിത്തെറികളും ടയറുകളിലേക്ക് തീപടര്‍ന്നതും തീയണയ്ക്കല്‍ ദുഷ്കരമാക്കി. സമീപത്തെ ഗ്യാസ് ഗോഡൗണിലേക്ക് തീപടരാതിരിക്കാനുള്ള മുന്‍ കരുതലെടുത്തശേഷമായിരുന്നു വാഹനങ്ങളിലും കാടുകളിലുമായി പടര്‍ന്ന തീയണയ്ക്കല്‍.
റീജണല്‍ ഫയര്‍ ഓഫീസര്‍ പി. രഞ്ജിത്ത്, പയ്യന്നൂര്‍ അഗ്നിരക്ഷാസേന ഓഫീസര്‍ സി.പി. രാജേഷ്, കണ്ണൂര്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.പി. ധനേഷ്, തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ.വി. പ്രഭാകരന്, കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ആദര്‍ശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തീയണയ്ക്കല്‍. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും ലോറികളുമുള്‍പ്പെടെ മുന്നൂറോളം വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. ഇവയെല്ലാം പൂര്‍ണമായോ ഭാഗികമായോ കത്തി നശിച്ചു.
ഏകദേശം അഞ്ചുകോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന പറഞ്ഞു.പയ്യന്നൂര്‍ പോലീസ് മൈതാനിയില്‍ കൂട്ടിയിട്ടിരുന്ന വാഹനങ്ങള്‍ പരിസരവാസികളുടെ നിരന്തരമായ മുറവിളികളെത്തുടര്‍ന്നാണ് കോറോത്തേക്കു മാറ്റിയത്. എന്നാല്‍ ഇവയുടെ സുരക്ഷിതത്വത്തിനാവശ്യമായ മതിലോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തീപിടിത്തം ജനങ്ങളുടെ പ്രതിഷേധം വര്ധിക്കാനാണിടയാക്കിയത്.